Wednesday, January 6, 2010

OBITUARY - "മാധവിക്കുട്ടി"

Recollections on the sad demise of Kamala Das ( "Madhavikutty") the renowned poet in English and famous writer in Malayalam, written soon after her death on May 30, 2009 and published in 'Malayalam Varika' dated June 12, 2009, a Malayalam Monthly published by 'Indian Express' Group





അനര്‍ഗ്ഗളമായൊഴുകുന്ന സ്നേഹധാരയായിരുന്ന മാധവിക്കുട്ടി. അവരുടെ നിശ്‌ചലമായ ശരീരത്തിലേക്ക് നോക്കിയപ്പോള്‍ ആ സ്നേഹ സ്രോതസ്സ് വറ്റിപ്പോയല്ലോ എന്ന ചിന്ത എന്നെ സ്ഥബ്‌ധനാക്കി. ഏറെ വര്‍ഷങ്ങളുടെ ദൈര്‍ഘ്യവും ദൃഡതയും ഞങ്ങളുടെ ബന്ധത്തിനുണ്‍ട്. പരിസ്ഥിതിയോടുള്ള പ്രേമമാണ്‌ ഞങ്ങളെ അടുപ്പിച്ചത്. ഞങ്ങള്‍ പരിചയപ്പെടുമ്പോള്‍ ദാസേട്ടനുണ്‍ടായിരുന്നു. മാധവിക്കുട്ടിക്ക് താങ്ങും തണലുമായി. അന്നവര്‍ തിരുവനന്തപുരത്തായിരുന്നു താമസം.

ആലുവായില്‍ പരിസ്ഥിതി സംരക്ഷണസമിതിയുടെ വിപുലമായ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുവാന്‍ ഞാന്‍ മാധവിക്കുട്ടിയെ ക്ഷണിച്ചു. അവരെ ഒരു നോക്കു കാണുവാനും ശ്രവിക്കുവാനുമായി വലിയ ജനക്കൂട്ടം; അലുവ ടൌണ്‍ ഹോള്‍ നിറഞ്ഞു കവിഞ്ഞു. പലരും ഉദ്വേഗത്തോടുകൂടി എന്നോടു ചോദിച്ചു, "അവര്‍ വരുമോ?" പലരും പറഞ്ഞു, പലപ്പോഴും യോഗങ്ങള്‍ക്ക് അവര്‍ എത്താറില്ല. ആ വാക്കുകള്‍ ഞങ്ങളുടെ മനസ്സില്‍ ഭീതി ഉളവാക്കി. മീറ്റിംഗ് വൈകീട്ട് 5 മണിക്കായിരുന്നു. 4.50 ആയപ്പോള്‍ അതാ ഒരംബാസിഡര്‍ കാര്‍ വന്നു നിന്നു. അതില്‍ നിന്നും കറുത്ത കണ്ണട ധരിച്ച്, ഒരു വിശറി കയ്യില്‍ ചലിപ്പിച്ചുകൊണ്‍ട്, അതാ, മാധവിക്കുട്ടി നാടകീയമായി വന്നിറങ്ങുന്നു. തിരുവനന്തപുരത്തുനിന്നും ഈ ഒരു പരിപാടിക്കുവേണ്‍ടിമാത്രം വന്നതായിരുന്നു അവര്‍. പിന്നീട് ഞാന്‍ ആലുവ യുണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നപ്പോള്‍, എത്രയോ തവണ അവര്‍, ആ കോളേജില്‍ വന്ന് എന്‍റെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിട്ടുണ്‍ട്. ഞാന്‍ എവിടെ യോഗത്തിനു വിളിച്ചാലും, പല അസൌകര്യങ്ങളും മാറ്റിവെച്ച് മാധവിക്കുട്ടി എത്തുമായിരുന്നു. അങ്ങിനെ അതൊരു ആത്മബന്ധമായി വളരുകയായിരുന്നു.


With 'Madhavikutty' (Kamala Das) and Jayatha Mahapathra, the Indian poet in English from Orissa

എന്‍റെ ആലുവയിലെ വസതിയില്‍ ദാസേട്ടനോടൊത്ത് അവര്‍ എത്രയോ തവണ വന്നിരിക്കുന്നു. എന്‍റെ ഭാര്യ തയ്യാറാക്കുന്ന കൊക്കോ ചോക്ലേറ്റ് ദാസേട്ടനും മാധവിക്കുട്ടിക്കും ഏറെ പ്രിയങ്കരമായിരുന്നു. ദാസേട്ടന്‍ അപ്പോള്‍ പ്രമേഹരോഗിയായിരുന്നു. ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിട്ടിട്ടുള്ള ജീവിതം ദുസ്സഹമാണെന്നു പറഞ്ഞ്, ദാസേട്ടനെ ചോക്ലേറ്റ് കഴിക്കുവാന്‍ അവര്‍ പ്രേരിപ്പിക്കുമായിരുന്നു. എന്‍റെ വസതിയില്‍ ഏറെ സമയം സൌഹൃദം പങ്കിട്ട് ദാസേട്ടനും മാധവിക്കുട്ടിയും ചിലവഴിക്കുമിയിരുന്നു. ആ സന്ദര്‍ശനങ്ങളെ അനുസ്മരിച്ചുകൊണ്‍ട് എന്‍റെ ഒരു പുസ്തകത്തില്‍ ആമുഖമായി മാധവിക്കുട്ടി എഴുതി. "പ്രൊഫസര്‍ പി.ജെ.ജോസഫ് അറിയപ്പെട്ട അധ്യാപകനാണ്‌, സ്നേഹിക്കപ്പെടുന്ന ഒരു ഗുരുവും. അദ്ദേഹം വിനയാന്വിതനായി തന്‍റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍, അവ കേള്‍ക്കുവാനും ഗ്രഹിക്കുവനും ശിഷ്യഗണം മാത്രമല്ല, മിത്രങ്ങളായ സ്രോതാക്കളും ജാഗ്രത കാണിക്കാറുണ്‍ട്.

ആലുവായിലുള്ള സെമിനരിയുടെ സമീപം സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്‍റെ വസതിയില്‍ ഞാനും എന്‍റെ ഭര്‍ത്താവും സന്ദര്‍ശകരായി എത്താറുണ്‍ടായിരുന്നു. സൌമ്യമായ ആ വ്യക്തിത്വത്തെ ഞങ്ങള്‍ മാനിച്ചു. മറ്റു പണ്ഡിതന്‍മാരെപ്പോലെ തങ്ങളുടെ വിഞ്ജാനസമ്പാദ്യത്തെ പറ്റി അഹന്തയോടെ അവതരിപ്പിക്കുവാന്‍ പ്രൊഫസര്‍ ജോസഫ് ഒരിക്കലും തുനിഞ്ഞില്ല. 'പുന്‍ചിരിക്കുന്ന ജോസഫ്' എന്നാണ്‌ എന്‍റെ ഭര്‍ത്താവ് പലപ്പോഴും അദ്ദേഹത്തെ വിശേഷിപ്പിച്ചത്."

അവരിത്രയും എന്നെക്കുറിച്ച് എഴുതിയത് എന്‍റെ മഹത്വം കൊണ്‍ടാണെന്ന് ചിന്തിക്കുവാനുള്ള മൌഡ്യം എനിക്കില്ല. അത് എന്നോടു കാണിച്ച അകമഴിഞ്ഞ ഔദാര്യത്തിന്‍റേയും വാത്‌സല്യത്തിന്‍റേയും പ്രതിഫലനമായേ ഞാന്‍ കാണുന്നുള്ളു.

വാനംബാടിക്കു പിറന്ന മാന്‍പേട

വിദേശികളായ അതിഥികള്‍ അവരെ കാണുവാന്‍ വരുമ്പോള്‍ എന്നേയും അവര്‍ അവരുടെ വീട്ടീലേക്ക് ക്ഷണിക്കാറുണ്‍ട്. ആവരിലൊരാളാണ്‌ മേരി വൈസ് ബോര്‍ഡ്. അവര്‍ മാധവിക്കുട്ടിയുടെ ഒരു ജീവചരിത്രം എഴുതുന്നുണ്ടായിരുന്നു. (From Montreal to Malabar) മോണ്‍ട്രിയയില്‍ നിന്നും മലബാറിലേക്ക് എന്നാ‍ണ് ആ പുസ്തകത്തിന് പേരിട്ടിരുന്നത്. അതിന്‍റെ ആദ്യ ഭാഗങ്ങള്‍ ഞാനുമായി ചര്‍ച്ച ചെയ്തിട്ടുണ്‍ട്. പിന്നീട് അതിന്‌ എന്തു സംഭവിച്ചു എന്നെന്നിക്കറിയില്ല.


With 'Madhavikutty' (Kamala Das) and Mary Wisebord, the Canadian writer and a biographer of Kamala Das.

അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്ന ഒരു വിദേശ വനിത, ഏതാനും ദിവസം അവരോടൊത്ത് കഴിഞ്ഞശേഷം തിരിച്ചുപോകുന്ന വഴി, ഡല്‍ഹിയില്‍ വെച്ചു, അവര്‍ കണ്‍ടുമുട്ടി പരിചയപ്പെട്ട ഒരാളുമായി കിടക്ക പങ്കിട്ട വിവരം കത്തിലൂടെ മാധവിക്കുട്ടി അറിഞ്ഞപ്പോള്‍ അവര്‍ എന്‍റെ മുമ്പില്‍ ഏറെ ധാര്‍മ്മികരോഷം കൊണ്‍ടു. അധര്‍മ്മത്തോടും അനീതിയോടും പ്രതികരിക്കുമ്പോള്‍ അവര്‍ നിഷ്ക്കളങ്കമായി പൊട്ടിത്തെറിക്കാറുണ്‍ടായിരുന്നു.

ജീവിതത്തില്‍ അവര്‍ക്ക് നേരിടേണ്‍ടിവന്ന ദുര്‍ഘട ഘട്ടങ്ങളില്‍ അവര്‍ ഏറെ നേരം എന്നോടൊത്ത് ചിലവഴിച്ചിട്ടുണ്‍ട്. എന്‍റെ സാന്ത്വനവാക്കുകളില്‍ അവര്‍ സമാധാനം കണ്‍ടെത്തുന്നപോലെ എനിക്ക് തോന്നിയിട്ടുണ്‍ട്.

ദാസേട്ടന്‍റെ മരണമാണ്‌ അവരെ തളര്‍ത്തിക്കളഞ്ഞ ഒരു വലിയ ആഘാതം. താന്‍ അനാഥയായതുപോലെ അവര്‍ക്കനുഭവപ്പെട്ടു. സ്നേഹിക്കാന്‍ മാത്രമറിയുന്ന അവരെ പലരും, സ്നേഹം നടിച്ച് വഞ്ചിട്ടുള്ള സംഭവങ്ങള്‍, അവരുടെ മനസ്സിന്റെ ഉണങ്ങാത്ത വ്രണങ്ങളായി മാറി.

കാണുന്നവരെയെല്ലാം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് അവരുടെ ഒരു ദൌര്‍ബല്യമായിരുന്നു. കപടമായ ലോകത്ത്, എല്ലാവരേയും, എല്ലാറ്റിനേയും സ്നേഹിക്കുന്ന ഒരു നിര്‍മ്മല മനസ്സുണ്‍ടായതാണ്‌ അവരുടെ വേദന. ഒരു കൊച്ചു കുട്ടിയുടെ നിഷ്ക്കളങ്ക മനസ്സായിരുന്നു അവരുടേത്. കേള്‍ക്കുന്നതെന്തും അവര്‍ വിശ്വസിക്കുമായിരുന്നു. അതുകൊണ്‍ടുകൂടിയാകണം ഒരു മതത്തിലും ഒതുങ്ങിക്കൂടുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. "വാനംബാടിക്കു പിറന്ന മാന്‍പേട" എന്ന വിശേഷണം അന്വര്‍ഥമാണോ എന്നു ഞാന്‍ സംശയിച്ചിട്ടുണ്‍ട്.

ആ സ്നേഹപ്രവാഹം നിശ്‌ചലമായിരിക്കുന്നു; ആ സ്നേഹസ്രോതസ്സ് വറ്റിപ്പോയിരിക്കുന്നു, അവരെ സ്നേഹിച്ചിരുന്നവരെയൊക്കെ തീരാദു:ഖത്തിലാഴ്ത്തിക്കൊണ്‍ട്. അവരുടെ അന്ത്യത്തിന്‌ ഒരു മാസം മുംബ് ഞാന്‍, മകന്‍ ജയസൂര്യയെ ഫോണില്‍ വിളിച്ച് രോഗവിവരങ്ങള്‍ തിരക്കി. ജയസുര്യ ഫോണ്‍ മാധവിക്കുട്ടിക്ക് കൈമാറി. ആവര്‍ തന്‍റെ രോഗത്തെകുറിച്ച് സംസാരിച്ചു. പക്ഷെ, അവരുടെ ശബ്‌ദം ദുര്‍ബ്ബലമായിരുന്നു. നീര്‍മാതളത്തിന്‍റെ സുഗന്ധം നമുക്കന്യമാകുകയാണോ എന്നു ഞാന്‍ ഭയപ്പെട്ടു. ആ ശബ്‌ദം ഇന്നു നിലച്ചിരിക്കുന്നു. ടെന്നിസണ്‍ എന്ന ആംഗ്ലേയ കവി തന്‍റെ ആത്മസുഹൃത്തിന്‍റെ മരണത്തെക്കുറിച്ചെഴുതുന്ന വിലാപകാവ്യത്തില്‍ പറയുന്നു,

"And what to me remains of good ?
..........................................................
And unto me no second friend."


with Madhavikutty

'എനിക്ക് ഈ ലോകത്തില്‍ നന്‍മയായെന്തുണ്‍ട്? എനിക്കു ഇതുപൊലൊരു സുഹൃത്തുണ്‍ടാവുകയില്ല.' എനിക്കും ജീവിതത്തില്‍ ഇതുപോലൊരു നന്‍മയുടെ പ്രതീകവും സ്നേഹത്തിന്‍റെ ഉറവിടവുമായൊരു സുഹൃത്തുണ്‍ടാകില്ല എന്നത് എന്നെ അസ്വസ്ഥനാക്കുന്നു.

No comments:

Post a Comment